വെള്ളാമ്പല്‍പ്പൂ.

ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ
വെള്ളാമ്പല്‍മൊട്ടിനു നാണം.
ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി-
ലവള്‍ തന്റെ നാണം മറച്ചൂ...........

നിനവിലും കനവിലും പ്രിയനാം ശശിയുടെ
പൊന്‍മുഖം കാണാനുഴറീ
ചുടുനെടുവീര്‍പ്പുകളേറെപ്പൊഴിച്ചുകൊ-
ണ്ടവള്‍ നിന്നു നിര്‍ന്നിദ്രയായീ..............

താരകള്‍ തിങ്ങിയ രാവുകളെത്രയോ
അവള്‍ തന്റെ നാഥനെ കാത്തു
താരകളവളുടെ രാഗംകൊതിച്ചുകൊ-
ണ്ടേറേക്കടാക്ഷം പൊഴിച്ചൂ............

നീരദകന്യകളംബരം വിട്ടൊരു
രാവിലവന്‍ വന്നുചേര്‍ന്നൂ.
കാമുകദര്‍ശനഹര്‍ഷത്തിലവളുടെ
തൂമുഖം വ്രീളയാല്‍ ചോന്നൂ........

രാവിന്റെ യാമത്തില്‍ കാന്തന്റെമാറിലെ
ചൂടില്‍ മയങ്ങാന്‍ കൊതിക്കെ
സാന്ദ്രനിലാവാം കൈകളാല്‍ മുഴുതിങ്ക-
ളവളെ പരിരംഭണത്തിലൊതുക്കീ...........

കതിര്‍കൈകള്‍ നീട്ടി പ്രസൂനത്തെയന്നവന്‍
ആപാദചൂഡം തഴുകീ
ജന്‍മസാഫല്യത്തിന്‍ നിമിഷത്തിലവളന്നു
നിര്‍വൃതിപ്പൊന്‍കതിര്‍ ചൂടീ.......

ഉന്‍മാദഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
നിമിഷശതങ്ങളിലൂടെ
പുളകംപുതച്ചുകൊണ്ടവള്‍ മതിലേഖതന്‍
മാറില്‍ തളര്‍ന്നു മയങ്ങീ.......

പുലരിതന്‍ വെട്ടത്തില്‍ കണ്‍തുറന്നീടവെ
അവനടുത്തില്ലെന്നറിഞ്ഞൂ
വേപഥുപൂണ്ടവള്‍ നാഥനെയോര്‍ത്തുകൊ-
ണ്ടേറേ മിഴിനീര്‍ പൊഴിച്ചൂ..............

ഇനിയും വരില്ലയെന്നറിയാതെയേറെനാള്‍
കാതോര്‍ത്തുകണ്‍പാര്‍ത്തു നിന്നൂ
ഒടുവിലാപ്പൊയ്കതന്‍ അന്തരാളത്തിലേ-
ക്കുയിര്‍വെടിഞ്ഞവള്‍ പോയ് മറഞ്ഞൂ.....

കാര്‍മേഘപാളിതന്‍ കാരാഗൃഹം തകര്‍-
ത്തൊരുനാള്‍ ശശിലേഖ വന്നൂ
മല്‍സഖിതന്നുടെ വിധിയില്‍ സന്തപ്തനായ്‌
ഖിന്നനായ്‌ മൌനം കരഞ്ഞൂ........

Continue Reading