കലങ്ങാൻ കൂട്ടാക്കാത്ത കുളങ്ങൾ.

ഗ്രാമത്തിലെ അങ്ങാടിയിലൂടെ കടന്നുപോകുന്ന പ്രധാനപാതയിലേക്ക് വടക്കെകാട് നിന്നുള്ള ഉപറോഡ് വന്നുതൊടുന്നത് അങ്ങാടി ആരംഭിക്കുന്നതിനുമുമ്പായി അൽപ്പം വടക്കോട്ട് മാറിയാണ്. പരൂര്, ആറ്റുപുറം, ചമ്മനൂര് പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങി അവിടത്തെ വിശേഷങ്ങളുടെ ശേഷിപ്പുകളുമായി വന്നെത്തുന്ന പ്രധാനപാതയിലേക്ക് മുക്കില്പീടിക, കൗക്കാനപ്പെട്ടി, കല്ലിങ്ങൽ വാർത്തകളുമായി വടക്കെകാട് റോഡ് വന്ന് തൊട്ടുരുമ്മുന്നതോടെ രണ്ടുംകൂടി ഒന്നായി ഏറെ സന്തോഷത്തോടെ മുന്നോട്ട്.

ഇനി ആദ്യത്തെ വളവിലെ പാറേട്ടന്റെ ചായക്കട കഴിഞ്ഞാൽ അടുത്ത വളവെത്തുമ്പോൾ വലത് വശത്ത് കാണുന്നത് ബാലൻവൈദ്യരുടെ ആസ്ഥാനവും മയമുണ്ണിയുടെ പച്ചക്കറിക്കടയുമാണ്ഇടത്തോട്ട് തിരിഞ്ഞാൽ നേരെ കുന്ദംകുളത്തേക്ക് പോകാം. അത്യാവശ്യമില്ലെങ്കിൽ മയമുണ്ണിയുടെ പീടികയോട് ചേർന്ന് തുടങ്ങുന്ന ബസ്സ്പോകാത്ത, തിരക്കില്ലാത്ത ചൗക്കി റോഡിലേക്ക് അൽപ്പം ബുദ്ധിമുട്ടി വണ്ടിതിരിക്കുകയുമാകാം. തിരിവുകഴിഞ്ഞ് ഒരു ചക്രപ്പാട് വണ്ടി ഉരുളുമ്പോഴേക്ക് അതാ വീണ്ടും തിരിവ് ! ഉടനെ ഇടത്തോട്ട് തിരിക്കേണ്ടത് നമ്മളുടെ ആവശ്യമാണ്. ഇല്ലെങ്കിൽ നേരെ പാടത്തേക്ക് വണ്ടിചാടലാകും ഫലം. അതത്ര നല്ല കാര്യമല്ല. നമ്മൾ വണ്ടി ഇടത്തോട്ട് തിരിച്ചാൽ വലിയ അല്ലലില്ലാതെ ഇനി മുന്നോട്ടുപോകാം. അധികം വളവും തിരിവൊന്നുമില്ലാതെ എട്ടാന്തറ വഴി ചക്കിത്തറ പാലം വരെ നേരെയാണ് റോഡ്. പക്ഷെ അങ്ങോട്ട് പോയിട്ടെന്തു കാര്യം ?

വേഗം തന്നെ വലത്തോട്ട് തിരിയാൻ ഒരു വഴി തെളിയുന്നുണ്ട്. “ശ്ശെടാ, ആകെ വളവും തിരിവുമാണല്ലോഎന്ന ഒരു പ്രാക്ക് മനസ്സിൽ തികട്ടിവരുന്നതോടൊപ്പം നമ്മുടെ വണ്ടി വലത്തോട്ട് തിരിയുകതന്നെയാണ്. മനസ്സിലെ പ്രാക്ക് വാക്കായി നാക്കിലെത്തുമ്പോഴേക്ക് ഒരു കാഴ്ച്ച മുന്നിൽ തെളിഞ്ഞുവരികയുമാണ്.

മാനത്തെ മൂടിപ്പിടിച്ച ഒരു മുളങ്കൂട്ടത്തെ വകഞ്ഞ് നമ്മുടെ കാഴ്ച്ചയിലിപ്പോൾ വിടർന്ന് വന്നിരിക്കുന്നത് ഒരു കുളമാണ്. ചുറ്റും ഞാറ്റടികളും അതിനിരുപുറവും തൈതെങ്ങിൻ തോപ്പുകളുമുള്ളതിനു നടുവിൽ, അപ്പുറം കുട്ടാടൻ പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതി കൈക്കുമ്പിളിൽ വെച്ച് നീട്ടിത്തരുമ്പോലെ സാമാന്യം വലിപ്പമുള്ള ഒരു കുളം.

കൊച്ചനൂർക്കാരുടെ പൊതുകുളമായ കൊച്ചനുങ്കുളമാണിത്. എണ്ണമറ്റ ഗ്രാമവാസികൾ ദേഹശുദ്ധിവരുത്തിയ നുറ്റാണ്ടുകൾ പ്രായമുള്ള കുളം. പരിസരത്തെ പാടങ്ങളിൽ കന്നുപൂട്ട് കഴിഞ്ഞ് ആളും കന്നും ഇവിടെ ഒന്നിച്ചുവന്നിറങ്ങി കുളിച്ചുകയറിയിരുന്നു. കൊച്ചനുങ്കുളത്തിൽ ഒരു ചാടിക്കുളിയും അച്ചാലും മുച്ചാലും നീന്തലുമില്ലാതെ ഇവിടത്തെ കൗമാരത്തിന്റെ ഒരു ദിനവും അവസാനിച്ചിരുന്നില്ല. കരയിൽ നിരത്തിയിട്ട അലക്കുകല്ലുകളിൽ അടിച്ചുകഴുകി അശുദ്ധിനീക്കിയ വസ്ത്രങ്ങളാണ് ഗ്രാമവാസികൾ അണിഞ്ഞിരുന്നത്. ആണിനും പെണ്ണിനും വ്യത്യസ്തമായുള്ള ഇതിന്റെ കടവുകളിലെ വെടിവട്ടങ്ങളിൽനിന്നാണ് നാട്ടുവാർത്തകൾ വിനിമയം ചെയ്യപ്പെട്ടിരുന്നത്....

വെള്ളിമാനം വെള്ളത്തിൽ പ്രതിബിംബിക്കുന്നുണ്ട്. ഇളങ്കാറ്റുണർത്തുന്ന ചെറുവീചികളൊഴിച്ചാൽ ജലപ്പരപ്പ് നിശ്ചലം. ഇടക്കിടെ ഉപരിതലത്തിലെത്തി പൊട്ടിപ്പോകുന്ന കുമിളകളും ചെറുചലനങ്ങളും മത്സ്യസമൃദ്ധിയുടെ സൂചനകളാണ്. പാടത്ത് ജലം പെരുകി കുളത്തെക്കൂടി കൂടെക്കൂട്ടുമ്പോഴാണ് മത്സ്യങ്ങളുടെ വരവുപോക്ക് നടക്കുന്നത്. നിൽക്കേണ്ടവർക്ക് നിൽക്കാം, പോകേണ്ടവർക്ക് പോകാം എന്ന ഉദാരതപാടത്തോട് ചേർന്നതായതിനാൽ ആണ്ടുതോറും പുതുക്കപ്പെടുന്ന ജലം കുളത്തിന്റെ സംശുദ്ധി ഉറപ്പ് വരുത്തുന്നുണ്ട്.


വടക്കെയറ്റത്തുണ്ടായിരുന്ന മുറ്റിത്തഴച്ച കൈതപ്പൊന്തകൾ ഇപ്പോൾ കാണാനില്ല. കുളത്തിനുനടുവിൽ ഇത്തിരിസ്ഥലത്ത് പടർന്ന് ആമ്പൽച്ചെടികളും ഒറ്റപ്പെട്ട് കാണപ്പെട്ടിരുന്ന പൂക്കളും അവിടെയില്ല. പഞ്ചായത്തുകാരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം കൈതപ്പൊന്തയും ആമ്പൽപ്പടർപ്പുകളും തിരോഭവിച്ചുവെങ്കിലും കുളത്തിനിപ്പോഴും നവയൗവ്വനം. ചുറ്റും കരിങ്കല്ലുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. വലയംചെയ്യുന്ന വട്ടൻനില ഉടമകളുടെ കയ്യേറ്റഭീഷണിക്ക് ആജീവനാന്ത അറുതി. സമാധാനം.

ഫോട്ടോ: കാദർ കൊച്ചനൂർ

നമ്മൾ വണ്ടിയൊതുക്കിയിടുന്നു. പിന്നെ തോർത്തുമുണ്ടിലേക്ക് ഒരു വേഷപ്പകർച്ച. കരിങ്കൽ കെട്ടിനടുത്ത് ചെരുപ്പഴിച്ചുവെച്ച് നനഞ്ഞമണ്ണിൽ നിലം പറ്റി പടരുന്ന ചെറുസസ്യങ്ങളിൽ പാദമൂന്നുമ്പോൾ അറിയുന്ന തണുപ്പ്. മെല്ലെ കാലുകൾ വെള്ളത്തിനരികിലേക്ക്. കുഞ്ഞോളങ്ങളിലേക്ക്. ഒരു കുളിര് അരിച്ചുകയറുകയാണ്. മുട്ടറ്റം വെള്ളം പിന്നെയും മുകളിലേക്ക്. നമ്മളുടെ ഉദരഭാഗത്തൊക്കെ രോമകൂപങ്ങൾ ഉണർന്നെണീറ്റുകഴിഞ്ഞു. അരയറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഒരു കുടന്ന ജലം കൈക്കുമ്പളിലെടുത്ത് പഴയപോലെ, അതെ പഴയപോലെത്തന്നെ നമ്മൾ വായിലെടുക്കുന്നു. ഒന്ന് കുലുക്കുഴിഞ്ഞ് തുപ്പിക്കളയുന്നു. തിരുമധുരം പോലെ വായിൽ സുഖദമായ ഒരു സ്വാദ് പടരുന്നു. അറിയാതെ നമ്മൾ ചുറ്റും നോക്കുന്നു. മുളങ്കൂട്ടം തലയാട്ടുന്നുണ്ട്. തെങ്ങോലകളെ ഊയലാട്ടി ഇളംകാറ്റ് പതിഞ്ഞുവീശുന്നുണ്ട്. മാനത്ത് ഒരു ചെമ്പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്. കൊങ്ങിണിക്കാടുകളിൽ നിന്ന് കണ്ണുകൾ എന്നപോൽ അസംഖ്യം പൂവുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. ഇളകിയ വെള്ളം ഉത്സാഹപൂർവ്വം നിങ്ങളെ കാത്തുനിൽക്കുന്നുണ്ട്.

നമ്മൾ സാവകാശം വെള്ളത്തിൽ മുങ്ങുന്നു. ശരീരത്തിൽ നിന്ന് ആവി ഒഴിയുന്നത്പോലെയുള്ള ഒരനുഭവംമനസ്സിൽ നിന്ന് എന്തോ ഭാരമൊഴിയുന്നതുപോലെ ഒരു തോന്നൽ. ജലം കലവി പോലെ നിങ്ങളുടെ കാതിൽ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്. പണ്ടത്തെപ്പോലെത്തന്നെ. ആണ്ടുകൾക്കപ്പുറം ഇതേകുളത്തിൽ ഇതേജലത്തിൽ ഇതുപോലെ മുങ്ങിക്കിടന്ന ചെറുബാല്യത്തിലേക്ക് മനസ്സും മുങ്ങാംകുഴിയിടുന്നു. വർഷങ്ങൾ ഓടിമറയുകയാണ്. മനസ്സും ശരീരവും സ്നാനപ്പെടുകയാണ്
നമുക്കിപ്പോൾ ഒരു ശ്വാസത്തിന്റെ ആവശ്യം തോന്നുന്നുണ്ട്. അതെ, ഒരു പുതിയ ശ്വാസത്തിന്റെ ആവശ്യം. പതുക്കെ തലപൊക്കുമ്പോൾ തെളിമാനവും മുളന്തലപ്പുകളും കൊങ്ങിണിപ്പൂക്കളും ഒരു സ്വപ്നത്തിലെന്നപോലെ നമ്മളെത്തന്നെ നോക്കി നിൽക്കുകയാണ്…. പ്രവാസം വരിച്ച ഈ ചെറുമകൻ എത്രയോ കാലത്തിനുശേഷം തിരികെയെത്തിയിരിക്കയാണല്ലോ…..

നേരെ കാണുന്ന അടുത്ത കടവിലൊരു ചലനം. കറവക്കാരൻ വാസു പശുവിനെ തേച്ചുകഴുകാൻ കൊണ്ടുവന്നിരിക്കയാണ്.
ങേ! പശുവോഅതെ പശു തന്നെ. പക്ഷെ നാട്ടുപശുവാണ്. സോഷ്യൽമീഡിയയിൽ നിന്ന് തുറിച്ചുനോക്കി പേടിപ്പിക്കുന്ന ഉത്തരേന്ത്യൻ പശുവല്ല !

വാസു ആളെതിരിച്ചറിഞ്ഞെന്ന് തോന്നുന്നു. പശുവിനെ കടവിലെ വെള്ളത്തിൽ  വിട്ട് അവൻ കരിങ്കൽകെട്ടിലൂടെ നടന്നുവരുന്നു. കൊച്ചനൂർ സ്കൂളിലെ പത്താം ക്ലാസിൽ നിന്ന് പണ്ട് പിരിയുമ്പോഴത്തെ അതേ ചിരിയുണ്ട് ചുണ്ടിൽ. വാസു കടവത്ത് കരിങ്കൽകെട്ടിൽ കുന്തുകാലിലിരുന്ന് നീട്ടിത്തന്ന കരം കവരുമ്പോൾ മനസ്സ് ഒരു പുതിയ സ്വാസ്ഥ്യമറിയുന്നു. കുളവും കൊങ്ങിണിക്കാടും മുളങ്കൂട്ടവും തെളിമാനവും ചെറുമീനുകളും വാസുവും അവന്റെ പയ്യും പണ്ടത്തെ സ്കൂളും എല്ലാം ഇവിടെത്തന്നെയുണ്ട്. പൊതിയുന്ന സ്നേഹത്തോടെ, അകം നിറയ്ക്കുന്ന ശാന്തിയോടെ….

കുളം കലക്കുന്നവരൊക്കെ തോറ്റുപോകുന്ന കലങ്ങാത്ത കൂട്ടാക്കാത്ത കുളങ്ങളെയോർത്ത് മന്ദഹാസത്തോടെ, മനപ്രസാദത്തോടെ ഇനി നമ്മൾ വീട്ടിലേക്ക് മടങ്ങുകയാണ്..

ഉസ്മാൻ പള്ളിക്കരയിൽ.
Continue Reading

ഒരു പൂക്കുറിഞ്ഞിപക്ഷിയുടെ തേങ്ങല്‍

കാനേഷ് പൂനൂർ രചിച്ച പൂക്കുറിഞ്ഞിപക്ഷി എന്ന നോവൽ വായിച്ചവസാനിപ്പിച്ചത് മനസ്സിനെ ഗ്രസിച്ച വിങ്ങലോടെയാണ്.. സ്ത്രീജന്മങ്ങൾ നെരിപ്പോടിലെന്നപോലെ ജീവിതത്തിൽ എരിഞ്ഞൊടുങ്ങുന്നതിന്റെ ദാരുണദൃശ്യങ്ങൾ മനസ്സിൽ അത്രമേൽ വേവും വേപഥുവും നിറക്കുന്നു. 





ദാരിദ്ര്യാവസ്ഥയാൽ നിസ്സഹായരായിപ്പോകുന്ന പെൺകുട്ടികളുടെ ജീവിതഗതിയെ വിധി ഇരുളാണ്ട തുരങ്കത്തിലൂടെയെന്നപോലെ ദുരിതക്കയങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിലെ സങ്കടവും അതിനിടയാക്കുന്ന സാമൂഹികസാഹചര്യങ്ങളോടുള്ള അമർഷവും അതോടൊപ്പം  അർഹമായ പരിഗണന സ്ത്രീകൾക്ക് നൽകുന്നതിൽ പുരുഷന്മാർ പൊതുവെ പ്രകടമാകുന്ന പിശുക്കിനോടുള്ള പരിഭവവുമാണ് നോവലിന്റെ പ്രമേയസ്വീകാരത്തിന് പ്രേരണയെന്ന് രചയിതാവ് ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.

 പുസ്തകത്തിന് പൂക്കുറിഞ്ഞിപക്ഷി എന്ന് പേരിട്ടതിന്റെ സാംഗത്യം നോവൽ വായിച്ചുകഴിയുന്നതോടെയാണ് വ്യക്തമാകുന്നത്. റൂഹാങ്കിളി തുടങ്ങിയ പക്ഷിപ്പേരുകൾ വേറെയും ബിംബകൽപ്പനപോലെ നോവലിന്റെ ഗതിനിർണ്ണയിക്കുന്ന വിധത്തിൽ വർത്തിക്കുന്നുണ്ടല്ലോ. പക്ഷെ ഒരു പൈങ്കിളീസ്പർശം  സമ്മാനിക്കുന്ന തരത്തിലും അങ്ങനെയൊരു മുൻവിധിയോടെ നോവലിനെ സമീപിക്കാനിടയാക്കുന്ന വിധത്തിലും ആ പേര് നോവലിന് ഒരു ബാദ്ധ്യതയായിത്തീരുന്നു എന്ന സങ്കടം തോന്നുന്നു. 

പരത്തിപ്പറയാൻ പൊതുവെ വിമുഖതയുള്ള നോവലിസ്റ്റിന്റെ കയ്യടക്കം ‘നോവെല്ല’ എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ പുസ്തകത്തിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. പക്ഷെ പരത്തിപ്പറയേണ്ട പലഭാഗങ്ങളും കുറുകിപ്പോയത് ദോഷമായും ഭവിച്ചിട്ടുണ്ട്. പലഭാഗങ്ങളും പറയാനുദ്ദേശിക്കുന്നതിന്റെ നഖചിത്രങ്ങൾ മാത്രമായൊതുങ്ങി. ഭാവനാശാലികളായ വായനക്കാർക്ക് സ്വന്തം ഭാവുകത്വത്തിനനുസരിച്ച് ഇതൾവിടർത്തിയെടുക്കാനും വഴക്കിയെടുക്കാനുമുള്ള സാദ്ധ്യത തുറന്നിടുന്നതാണ് നോവലിസ്റ്റിന്റെ ഈ സമീപനമെങ്കിലും വാക്കുകളെ  മഴവില്ലുപോലെ മനോഹരമാക്കാൻ കെൽപ്പുള്ള രചയിതാവിന്റെ സ്വന്തം ഭാഷയിൽ പലരംഗങ്ങളും കൊഴുപ്പോടെ ആവിഷ്കൃതമായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയ അവസരങ്ങളുമുണ്ട്. 

ചേക്കുട്ടിക്കോയ എന്ന ഭർത്താവിൽനിന്ന് അയാളുടെ പുകഴ്ച്ചയുടെ കാലത്ത് ബിയ്യാത്തുവിന് അനുഭവിക്കേണ്ടിവന്ന അവഗണനയും സ്നേഹരാഹിത്യവും, അതിനുശേഷം വന്ന തകർച്ചയുടെ കാലത്തെ അയാളുടെ കുമ്പസാരവും സ്നേഹാതിരേകവും അവസ്ഥാന്തരത്തിന് അനുരോധമായ സ്വാഭാവികതയായി സ്വീകരിക്കപ്പെടുമ്പോൾ, വീണ്ടുമെത്തിയ പുകഴ്ച്ചയുടെ കാലത്ത് ഹൃദയശൂന്യതയിലേക്കുള്ള അയാളുടെ മടക്കം അൽപ്പം അതിഭാവുകത്വത്തിന്റെ അംശം കലർന്നതായിപ്പോയി. ഇടയിലെ മാനസാന്തരക്കാലം അത്രമേൽ പ്രത്യാശാഭരിതമായി അനുഭവപ്പെട്ടതുകൊണ്ടായിരിക്കാം ഒടുവിൽ അയാൾ പുറത്തെടുക്കുന്ന ക്രൂരതയുടെ അതിപ്രസരം ഉൾക്കൊള്ളാൻ വായനക്കാരൻ വൈമനസ്യം കാണിക്കുന്നത്. അങ്ങനെനോക്കുമ്പോൾ തകർച്ചയുടെ കാലത്തെ അയാളുടെ ഉദാരമായ ഏറ്റുപറച്ചിലുകളെങ്കിലും ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. 

വിവാഹിതയായി ഏറെനാൾ പിന്നിട്ടിട്ടും ബിയ്യാത്തുവിന്റെ സ്വന്തം കുടുംബക്കാർ ഒട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥ എങ്ങനെ ഉണ്ടായി എന്നതും വിശ്വസനീയതയുടെ പരിധിക്ക് പുറത്താണ്. ആണും പെണ്ണുമായി അവർക്ക് ആകപ്പാടെയുള്ള മകളാണ് ബിയ്യാത്തു എന്ന നിലക്ക് പ്രത്യേകിച്ചും. ഹാജ്യാരുടെ വീട്ടിലെ ഉമ്മയുടെ അടുക്കളജോലിത്തിരക്കോ ഉപ്പയുടെ അടക്ക-വാഴക്കുല കച്ചവടത്തിരക്കോ അതിനുള്ള ഫലപ്രദമായ ന്യായീകരണമായെടുക്കാൻ മനസ്സ് വിസമ്മതിക്കുന്നു. 

ഭർത്താവിന്റെ ആദ്യഭാര്യയുടെ മരണത്തെത്തുടർന്ന് അവരുടെ മൂന്നുമക്കളുടെ ഉമ്മസ്ഥാനം കൂടി ഏറ്റെടുത്തുകൊണ്ടാണ് ചേക്കുട്ടിക്കോയയുടെ ഭാര്യാപദത്തിൽ അവൾ എത്തിപ്പെടുന്നത്. എല്ലാ ആട്ടുംതുപ്പും സഹിച്ചുകൊണ്ട്, അഗമ്യഗമനശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്, അറപ്പിക്കുന്ന കാഴ്ച്ചകളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, എല്ലാം ജോലിഭാരങ്ങളും ചുമന്ന് ഭർത്തൃഗൃഹത്തിൽ ബിയ്യാത്തു കഴിഞ്ഞുകൂടിയത് ഭാവശുദ്ധിയുടെ ബലം ഒന്നുകൊണ്ട് മാത്രമാണ്. പ്രവാസം കഴിഞ്ഞെത്തിയ ഭർത്താവിന്റെ ശാരീരികാവശ്യനിർവ്വഹണത്തിന് അവളുടെ താൽക്കാലികമായ രോഗാവസ്ഥ തടസ്സമായെന്ന ഒറ്റക്കാരണത്താൽ ഒരു സപത്നിയെ സഹിക്കേണ്ടിവരുന്ന ദുര്യോഗമാണവൾക്ക് പിന്നെ വന്നുചേർന്നത്.  അതോടെ സഹനത്തിന്റെ നെല്ലിപ്പടി കണ്ട അവൾ സ്വഗൃഹത്തിലേക്ക് മടങ്ങാൻ തന്റേടം കാണിച്ചു. തിരികെ ചെല്ലാനുള്ള ശുപാർശയുമായെത്തിയ ഭർത്തൃസഹോദരൻ മുഹമ്മതും ഒത്താശക്കാരി കദിയോമത്തയും അവളെ അനുനയിപ്പിക്കാനായി പ്രയോഗിച്ച ഒടുവിലത്തെ തുരുപ്പുശീട്ട് ബാപ്പു എന്ന പിഞ്ചോമനയുടെ നിർത്താതെയുള്ള കരച്ചിലിന്റെ കാര്യമായിരുന്നു. ഏറെനാൾ പരിപാലിച്ച കുഞ്ഞിന്റെ സങ്കടത്തിൽ അലിഞ്ഞ് അവൾ നിലതെറ്റിവീണുപോയതും തിരികെ ചെല്ലാൻ തീരുമാനിച്ചതും വായനക്കാരന്റെ ദുഃഖമായെന്ന് പറയാതെ വയ്യ

കളിപ്പാട്ടം പോലെ പെണ്ണിനെ തട്ടിക്കളിക്കുന്ന ആണിന്റെ മുഷ്ക്കിന് ആഘാതമേൽപ്പിച്ചുകൊണ്ട് അവൾ മുഹമ്മതിനേയും കദിയോമത്തയേയും ആട്ടിപ്പറഞ്ഞയച്ചിരുന്നെങ്കിൽ അത് നോവലിലൂടേ സമൂഹത്തിനു നൽകാൻ കഴിയുന്ന സന്ദേശമായേനേ. ഭൂമികച്ചവടത്തിന്റെ ദല്ലാൾ പണിയും മറ്റുമായി സ്വന്തം മാതാപിതാക്കളുടെ സാമ്പത്തികനില തൃപ്തികരമായിരിക്കുന്നതിന്റെ അനുകൂലഘടകം പിന്തുണയേകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും അവൾക്കതിനു കഴിയേണ്ടതായിരുന്നു. പക്ഷെ രചയിതാവിലെ കാൽപ്പനികതയുടെ കാമുകൻ അവളെ കണ്ണുകാട്ടി വിളിച്ചത് ബാപ്പു എന്ന അരുമക്കുരുന്നിന്റെ മോണകാട്ടിച്ചിരിയുടെ വശ്യതയിലേക്കാണ്. ഇവിടെ വായനക്കാരന് ധർമ്മസങ്കടത്തോടെ നിൽക്കാനേ കഴിയുന്നുള്ളു….. 

ബിയ്യാത്തുവിന്റെ പാത്രസൃഷ്ടി അതിമനോഹരമായിരിക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. സ്ഫടികജലംപോലെ അടിത്തട്ടുകാണാവുന്ന അവളുടെ മനസ്സിന്റെ പരിശുദ്ധിയെ സുവ്യക്തമായി വായനക്കാരന് കാണിച്ചുകൊടുക്കുന്നതിൽ എഴുത്തുകാരൻ ആർജ്ജിച്ച വിജയം നൂറുശതമാനം തന്നെയാണ്. അഴകും സൗശീല്യവുമൊത്ത ബിയ്യാത്തുവിന്റെ ജീവിതം ഇനിയെങ്കിലും പച്ചപിടിക്കണേ എന്ന പ്രാർത്ഥന ജീവിതത്തിൽ അവൾ നേരിടുന്ന ഓരോ ദുരിതാനുഭവത്തിനു ശേഷവും വായനക്കാരന്റെ ഉള്ളിലുണരുന്നു. ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്ക് വേച്ചുപോകുന്ന ആ ജീവിതത്തിന്റെ ദുർവ്വിധി വായനക്കാരന്റെ സങ്കടമായി പരിണമിക്കുന്നുണ്ട്. 

ഏതൊരു സ്ത്രീയും അന്തരാ ഉൾക്കൊള്ളുന്ന വികാരമായ അമ്മയാകാനുള്ള ആഗ്രഹം പൂവണിയുന്നതിനെസംബന്ധിച്ചുള്ള സ്വപ്നങ്ങൾ താലോലിക്കാൻ തുടങ്ങവെ ആ സ്വപ്നങ്ങളെ കശക്കിയെറിയുവാൻ തയ്യാറായ ഭർത്താവിനോട് ഹൃദയം നുറുങ്ങിക്കൊണ്ട് യാചിക്കുന്നതും പിന്നെ പൊട്ടിത്തെറിക്കുന്നതും അവസാനശ്രമമെന്ന നിലയിൽകരീമിനേയും റൈഹാനയേയും ബാപ്പുവിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാംഎന്ന് കെഞ്ചിനോക്കുന്നതും തന്മയത്വത്തോടേയുള്ള ആഖ്യാനമികവിന് ഉദാഹരണമാണ്. 

കാൽപ്പനികതയുടെ കാന്തി ഇയലുന്ന പദപ്രയോഗങ്ങളും ശൈലീവിശേഷങ്ങളും ഗദ്യത്തിന് തോരണം ചാർത്തി അങ്ങിങ്ങ് വിതാനിച്ചിരിക്കുന്നത് നോവലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പ്രകൃതിവർണ്ണനയുടേയും പരിസരവിവരണങ്ങളുടേയും ആകർഷണീയമായ സമ്മിശ്രണം വഴി വായനക്കാരനെ കഥയുടെ ലോകത്തേക്ക് മാറ്റിപ്രതിഷ്ടിക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. 

ദരിദ്രഭവനത്തിലാണെങ്കിലും ബിയ്യാത്തുവിന്റെ വിവാഹഘോഷം മനസ്സ്നിറയ്ക്കുന്ന വിധത്തിൽ വിദഗ്ദ്ധമായി ആവിഷ്ക്കരിക്കാൻ നോവലിസ്റ്റ് നൈപുണ്യം കാണിക്കുന്നുകല്യാണത്തിനായി വീടുണരുന്നതും അതിന്റെ കുതൂഹലങ്ങളും ഏതാനും വാചകങ്ങളിൽ വായനക്കാരനെ അനുഭവിപ്പിക്കാൻ കഴിഞ്ഞ മിടുക്ക് അഭിനന്ദനീയം. 

നബീസു എന്ന ആത്മസഖിയും കദിയാത്ത എന്ന നാത്തൂനും അമ്മായിഉമ്മയും ഉൾപ്പടെയുള്ള ഇതരകഥാപാത്രങ്ങൾക്കും വേണ്ടത്ര മിഴിവേകാനായിട്ടുണ്ട്. ഉപകഥകളെ അൽപ്പംകൂടി വികസിപ്പിക്കാൻ തയ്യാറായിരുന്നെങ്കിൽ നോവൽ ബൃഹത്തായതാകുമായിരുന്നു. അതിനുള്ള സാദ്ധ്യത നോവലിസ്റ്റ് ഉപയോഗപ്പെടുത്താതിരുന്നത് നോവലിന്റെ ഇഴയടുപ്പത്തിനും ശിൽപ്പഭദ്രതയ്ക്കും  മുൻഗണന നൽകിയതുകൊണ്ടായിരിക്കാം. 

ഉറൂബിന്റെഉമ്മാച്ചുവുംബഷീറിന്റെഉപ്പുപ്പാക്കൊരാനേണ്ടാർന്ന്എന്ന കൃതിയും വെളിവാക്കുന്ന മുസ്ലിംഗൃഹജീവനത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും ഉജ്ജ്വലമാതൃകകൾക്ക് സദൃശമായ മാപ്പിളജീവിതപശ്ചാത്തലം ഈ കൃതിക്കും സ്വന്തമാണ്. അതിന്റെ തന്മയത്വത്തോടെയുള്ള ആഖ്യാനമികവിൽ കാനേഷ് സമശീർഷത പുലർത്തുന്നുണ്ടെന്നതും നിരീക്ഷിക്കപ്പെടേണ്ടതാണ്. വിശ്വാസപരമായ വിശുദ്ധി വഴിയുന്ന ഗൃഹാന്തരീക്ഷത്തിന്റേയും ചിത്തവൃത്തികളുടേയും ചാരുതയുറ്റ രൂപങ്ങൾ സമ്മോഹനമായ രീതിയിൽ ഈ കൃതിയിൽ വരച്ചിട്ട വാങ്മയചിത്രങ്ങളാണ്. 

ആഖ്യായികയിലെ ആദ്യകാൽവയ്പ്പ് എന്നതിന്റെ ആനുകൂല്യം വകവെച്ചുകൊടുത്തുകൊണ്ട് പറയട്ടെ, ഉജ്ജ്വലമെന്നും ഒന്നാംകിടയെന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും നടേപടഞ്ഞ പോരായമകളോടുകൂടിയും ഈ നോവലിന്റെ സ്ഥാനം ഇന്ന് കൊണ്ടാടപ്പെടുന്ന മറ്റു പല കൃതികളെക്കാളും ഉയരത്തിൽ തന്നെയാണ്.

ക്ലിക്കുകളിൽ പെടാതെ തന്റെമാത്രം ഏകാന്തമായ സാഹിത്യവഴിത്താരയിൽ സഞ്ചരിക്കുന്ന ആളാണ് കാനേഷ് പൂനൂർ.  കഥ, നോവൽ, കവിത, കവിതയൂറുന്ന സിനിമാഗാനങ്ങൾ, കുറിപ്പുകൾ, മാപ്പിളപ്പാട്ടുകൾ, നർമ്മപംക്തികൾ, ലേഖനങ്ങൾ, സിനിമാനിരൂപണങ്ങൾ, ലേഖനസമാഹാരങ്ങളുടെ എഡിറ്റിങ്ങ്, ആനുകാലികങ്ങളുടെ പത്രാധിപത്വം തുടങ്ങി സാഹിത്യത്തിന്റെ ഒട്ടുമിക്ക കർമ്മമേഖലകളിലും സ്വന്തം കയ്യൊപ്പ് പതിച്ചുകഴിഞ്ഞ അദ്ദേഹത്ത്ന്റെ സപര്യയെ അർഹമായ വിധത്തിൽ ശ്രദ്ധിക്കാൻ മലയാളം മനസ്സുവെക്കേണ്ടിയിരിക്കുന്നു

ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കപ്പെടുകയുംഒട്ടേറെ വായനക്കാരെ ആകർഷിക്കുകയും ചെയ്തപൂക്കുറിഞ്ഞിപക്ഷിസുജീഷ് പുതുക്കുടിയുടെ കമനീയമായ കവർ ഡിസൈനിങ്ങും പി.കെ.ദയാനന്ദിന്റെ ശ്രദ്ധേയമായ അവതാരികയുമായിലിപി പബ്ലിക്കേഷൻസ്പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുന്നു. (വില 85.00 രൂപ). 
Continue Reading

കരിച്ചാൽ കടവത്ത്.

കരിച്ചാൽ എന്ന കൊച്ചുപ്രദേശം എന്റെ വീടിനു സമീപസ്ഥമാണ്. ഞാറ്റടികളായി ഉപയോഗിച്ചിരുന്ന ഏതാനും വട്ടൻനിലങ്ങളുടെ വരമ്പിലൂടെ ഗ്രാമത്തിന്റെ പ്രധാന കരയിൽ നിന്ന് കാൽനടയായി എളുപ്പം ചെന്നെത്താവുന്ന ചെറു തുരുത്ത്. മറുഭാഗത്ത് വിശാലമായ പുഞ്ച പാടശേഖരവും, കായലും, അങ്ങേകരയുമായി ബന്ധിപ്പിക്കുന്ന തോണിക്കടവും, ചുറ്റും കായലിനെ ചൂഴുന്ന ഹരിതാഭമായ തീരങ്ങളുമായി ഇത്തിരിവട്ടത്തിൽ മനോജ്ഞമായ ഒരിടം.

കടവിന്റെ ഇപ്പുറം വെളുത്ത മണൽ പ്രദേശവും അക്കരെ കടന്നാൽ ചരൽക്കല്ലുകളുള്ള ചെമ്മണ്ണുമാണ്. ഇക്കരെ നിറയെ തെങ്ങിൻതോട്ടങ്ങളാണെങ്കിൽ അക്കരെ നിബിഡമായ കമുകിൻതോട്ടങ്ങളാണ്. ഇക്കരെ വിശാലമായ പറമ്പുകൾക്ക് നടുവിൽ ഒറ്റപ്പെട്ടുനിൽക്കുന്ന വീടുകളും അക്കരെ കടന്നാൽ റോഡിനിരുവശവും പരസ്പരം ഉരുമ്മിനിൽക്കുന്ന ഗൃഹസമുച്ചയങ്ങളുമാണ്. ഇരുകരകളിലേയും ആളുകളുടെ സംസാരശൈലിയിൽ പോലും പ്രകടമായ വ്യത്യാസമുണ്ട്.

മരച്ചീനിക്കിഴങ്ങ് ചാക്കിൽനിറച്ച ചുമട് തലയിലേന്തി കാൽനടയായി വീടുകളിൽ വിൽപ്പനയ്ക്ക് പുറപ്പെടുന്ന വറീത്­മാപ്പിള അക്കരെനിന്ന് കരിച്ചാൽ കടവെത്തുംവരെ ഈണത്തിൽ വിളിച്ചുകൂവുക “കൊള്ളിക്കേങ്ങേയ്...” എന്നാണ്. വള്ളത്തിൽ കയറി തെക്ക്ഭാഗത്തേക്ക് കടന്നാൽ അദ്ദേഹത്തിന്റെ വായ്ത്താരി “മത്തോക്കേയ്..” എന്നായിമാറും. മരച്ചീനിക്കിഴങ്ങിനെ കടവിനപ്പുറമുള്ളവർ ‘കൊള്ളികിഴങ്ങെ’ന്നും ഇപ്പുറമുള്ളവർ ‘മത്തോക്ക്’ എന്നുമുള്ള പേരുകളിലാണ് വ്യവഹരിക്കുന്നത്. ഇരുകരകളുടേയും നിയോജകമണ്ഡലവും പഞ്ചായത്തും ഇപ്രകാരം വേറെവേറെത്തന്നെ.

പാടശേഖരത്തിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗത്ത് ഏതാനും മീറ്ററുകളുടെ വ്യത്യാസത്തിൽ അക്കരെയും ഇക്കരെയുമായി സ്ഥിതിചെയ്യുന്ന  പ്രദേശങ്ങൾ തമ്മിൽ ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും വാമൊഴിവഴക്കങ്ങളിലും ഇത്രയും പ്രകടമായ അന്തരം കാണപ്പെടുന്നു എന്നത് കൗതുകകരമായ സവിശേഷതയാണ്.

അകലെ കടപ്പായി എന്ന സ്ഥലത്തുനിന്നുള്ള സമഗ്രവീക്ഷണത്തിൽ കരിച്ചാൽ അതീവ ചേതോഹരമായ കാഴ്ച്ചയാണ്. കരിച്ചാലിൽ ഏന്തിക്കിടക്കുന്ന ജലരാശിയും, അതിലേക്ക് ചാഞ്ഞുനിൽക്കുന്ന ആൽമരവും, അങ്ങേകടവിലേക്ക് നീന്തിയടുക്കുന്ന തോണിയും, അൽപ്പമകലെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ കാഴ്ച്ചയും, ജലപ്പരപ്പിൽ നിരന്ന ആമ്പലുകൾ ഒന്നിച്ചു പുഷ്പിച്ച വാസന്തകാന്തിയും,  കായലിന് അതിരിടുന്ന ഓരങ്ങളുടെ മുറ്റിത്തഴച്ച ഹരിതാഭയും കൂടിച്ചേർന്ന ചാരുതയുറ്റ ചിത്രം മനോഹരമായ പെയിന്റിങ്ങ് പോലെ സ്വപ്നസന്നിഭമായിരുന്നു.

മഴക്കാലം കഴിയുമ്പോൾ കരിച്ചാലിന്റെ സൗന്ദര്യപ്രഭാവത്തിന് ഇത്തിരി മങ്ങലേൽക്കാറുണ്ട്. ‘പെട്ടിപ്പറ’ എന്ന് ഞങ്ങൾ വിളിക്കാറുള്ള വലിയ മോട്ടോർസന്നാഹം ഉപയോഗിച്ച് പാടശേഖരത്തിലെ വെള്ളം നടുവിലെ പെരുന്തോട്ടിലേക്ക് അടിച്ചുകയറ്റി പാടത്ത് പുഞ്ചകൃഷിപ്പണി തുടങ്ങും. അന്നേരം കടവ് ക്ഷീണിച്ച് മെലിഞ്ഞ് പെരുന്തോട്ടിന്റെ വീതിയിലേക്ക് ചുരുങ്ങും. മഴക്കാലത്തിന്റെ വരവോടെ നഷ്ടപ്രതാപം തിരിച്ചുപിടിച്ച് സൗന്ദര്യം മുറ്റി കരിച്ചാൽ വീണ്ടും വിലാസവതിയാകുകയായി.

ഓളപ്പരപ്പിൽ സ്വയം കണ്ണാടിനോക്കി കടവത്തേക്ക്ചാഞ്ഞ് ഒറ്റപ്പെട്ട് നിലകൊണ്ടിരുന്ന പടർന്നുപന്തലിച്ച കൂറ്റൻ അരയാൽമരം ഒരുകാലത്ത് കരിച്ചാലിന്റെ മനോഹാരിതയ്ക്ക് മകുടം ചാർത്തിയിരുന്നു. ഒപ്പം കടവത്ത് തോണികാത്തുനിന്നവർക്ക് തണലിന്റെ കുടചൂടിക്കൊടുക്കുകയും ചെയ്തു. തൊഴിൽവേളകളിൽ സദാ തോർത്തുമുണ്ടുടുത്ത് കാണപ്പെട്ടിരുന്ന കടത്തുകാരൻ ചാത്തായിയുടെ ലുങ്കിയുംകുപ്പായവും അഴിച്ചുവാങ്ങി   വന്മരം സ്വന്തം പോടുകളിൽ സൂക്ഷിച്ചുവെച്ചു. ചാത്തായിയുടെ ബീഡിക്കെട്ടും തീപ്പെട്ടിയും, കടവത്ത് സഹായത്തിനെത്തുന്ന അയാളുടെ ചെറുമി പുളിഞ്ചിരിയുടെ മുറുക്കാൻപൊതിയും മരത്തിന്റെ മറ്റൊരു പോടിൽ സുരക്ഷിതം. ഇലകളുടെ നിബിഡതയാൽ അനുഗൃഹീതമായ മരം ആവശ്യക്കാർക്ക് പൊരിവെയിലത്തും പെരുമഴയത്തും ഒരുപോലെ ആശ്രയിക്കാവുന്ന സുരക്ഷിതസ്ഥാനമായി വർത്തിച്ചു.

കടവത്ത് ആളൊഴിയുമ്പോൾ ചാത്തായിയും പുളിഞ്ചിരിയും ആൽമരംചാരി കായൽകാറ്റേറ്റ് മയങ്ങുകയോ മരച്ചുവട്ടിൽ കഥ പറഞ്ഞിരിക്കുകയോ ചെയ്യുന്നത് അന്നൊക്കെ പതിവുകാഴ്ച്ച. വള്ളമൂന്നുന്ന കഴുക്കോൽപോലെ നീണ്ടുമെലിഞ്ഞ ചാത്തായിയും കേവുവള്ളംപോലെ  തടിച്ചുകൊഴുത്ത പുളിഞ്ചിരിയും രൂപംകൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് പരസ്പരം പൊരുത്തമുള്ള ദമ്പതികളായിരുന്നു.

പഴഞ്ഞിയിൽനിന്ന് ശാന്തകുമാരിടീച്ചറും പെങ്ങാമുക്കിൽനിന്ന് ജോസഫ്മാഷും കടവുകടന്ന് ഇക്കരെവന്ന് കൊച്ചനൂർ സ്കൂളിൽ അദ്ധ്യാപനം നിർവ്വഹിച്ച് തിരിച്ചുപോയപ്പോൾ നീലിയേടത്തിയും മീനാക്ഷിയമ്മയും വീടുകളിൽനിന്ന് ശേഖരിച്ച ഓല മെടഞ്ഞ്കെട്ടാക്കി വഞ്ചിയിൽകയറ്റി അക്കരെകടന്ന് അവ വിറ്റുകാശാക്കി തിരിച്ചെത്തി. കൊച്ചനൂർസ്കൂളിലെ കുഞ്ഞുങ്ങളെ മധുരമൂട്ടാനായി മിഠായിക്കാരൻ രാഘവേട്ടൻ താലംപോലെയുള്ള മിഠായിത്തട്ട് തലയിലേറ്റി വന്നിറങ്ങിയ വഞ്ചിയിൽകയറി അക്കരെ നെല്ലുകുത്ത്മില്ലിൽ പണിയെടുക്കാനായി ഉമ്മർ അങ്ങോട്ട് പോയി. അരച്ചാക്ക് അരി തലയിരിക്കുന്നതിന്റെ ഭാരം ഭാവഭേദംവരുത്താത്ത മുഖവുമായി സദാ ചിരിവിതറി അരിക്കാരി അമ്മച്ചു കടവുകടന്ന് ഇക്കരെയെത്തി. വീടുകളിൽ അരിയളന്നുകൊടുത്ത് നിറഞ്ഞമനസ്സും മടിശ്ശീലയും ഒഴിഞ്ഞചാക്കുമായി അവർ മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. .  സ്കൂൾ വിദ്യാർത്ഥികളുടെ ഒരു പറ്റം കളിചിരികളുമായി കാലത്തും വൈകീട്ടും വഞ്ചിപ്പടിയിൽ ഇരിപ്പിടംകിട്ടാൻ മത്സരിച്ചു.   

ഇങ്ങേകരയിലെ തെങ്ങുകളെ ലക്ഷ്യമിട്ട് അരയിൽ ഞാത്തിയിട്ടടൂൾ കിറ്റി ചേറ്റുകത്തിയുമായി വന്നെത്തുന്ന ചേന്ദനേയും അയാളുടെ സൈക്കിളിനേയും ഒപ്പം വഞ്ചിക്കകത്ത് ഉൾക്കൊള്ളാൻ ചാത്തായിയുടെ ഒരുകൈസഹായം എപ്പോഴും റെഡി. ഇളംകള്ളിൻ മണംവിതറി അയാൾ തിരിച്ചുപോകുമ്പോൾ കുടത്തിൽനിന്ന് ഒരു കുപ്പിയുടെ അളവ് കുറയുന്നതാണ് ചേന്ദന്റെ നേർക്ക്മാത്രം ചില്ലറയ്ക്കായി ചാത്തായിയുടെ കൈനീളാത്തതിന്റെ രഹസ്യമെന്ന് ഞങ്ങൾ കുട്ടികൾക്ക്  പിന്നീടാണ് മനസ്സിലായത്. അരയാലിന്റെ കൈയെത്താത്ത കവരത്തിൽ ഒഴിഞ്ഞുംനിറഞ്ഞും ഒരു കുപ്പി നിത്യവാസിയായിരുന്നത് ഒരിക്കൽ ഞങ്ങൾ കണ്ടുപിടിച്ചു.  

സ്ത്രീകളും കുട്ടികളുമുണ്ടെങ്കിൽ കാൽപ്പാദംപോലും നനയാത്തവിധത്തിൽ വഞ്ചി ചൊരിമണലിലേക്ക് പരമാവധി കയറ്റിയടുപ്പിച്ച്  കരുണകാട്ടിയും, എല്ലാവരോടും കുശലംപറഞ്ഞും, ഓരോരുത്തരുടേയും ആക്കത്തിനും തിടുക്കത്തിനനുമനുസരിച്ച് ആയത്തിലോ അതിവേഗത്തിലോ വള്ളംതുഴഞ്ഞും ചാത്തായിയും പുളിഞ്ചിരിയും എല്ലാവർക്കും പ്രിയങ്കരരായി. തഴമ്പ്നിറഞ്ഞ കൈവെള്ളയിൽ യാത്രികർ വെച്ചുകൊടുത്ത പത്തുപൈസാതുട്ടുകൾ ചാത്തായിയുടേ തോർത്തുമുണ്ടിന്റെ തെറുത്തുവെച്ച കോന്തലയ്ക്കകത്ത് പെറ്റുപെരുകി.

ഒരു പെരുമഴക്കാലത്ത് കായലിൽനിന്ന് പേപിടിച്ചെന്നപോലെ അടിച്ചുവീശിയ കാറ്റിൽ കടപുഴകി ആൽമരം വെള്ളത്തിലേക്ക് പതിച്ചു. പാതിമുങ്ങി വെള്ളത്തിൽ നീണ്ടുനിവർന്നു കിടന്ന ആൽമരത്തെ പിറ്റേദിവസം കടവത്തെത്തിയ പതിവുകാർ വിഷാദപൂർവ്വം നോക്കിനിന്നു. ഓളങ്ങളിൽ ആലോലമാടി അനങ്ങിക്കൊണ്ടിരിക്കുന്ന ഏതാനും കിളിക്കൂടുകൾ ഞങ്ങൾ വിദ്യാർത്ഥികളുടെ ദുഃഖമായി. മുത്തശ്ശിആൽമരത്തിന് പ്രദേശത്തെ വീടുകളിലെ അടുപ്പുകളിൽ ചിതയൊരുങ്ങി. സ്വന്തം തണലത്തിരുന്ന് വിശ്രമിച്ച അനേകരുടെ പ്രിയതരമായ ഓർമ്മകളിലേക്ക് ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിരിക്കാവുന്ന ആൽമരം പിൻവാങ്ങി. ആൽമരത്തിന്റെ മരണം മനോഹാരിതയിൽ നേരിയ നിഴൽ വീഴ്ത്തി എന്നത് നേരാണെങ്കിലും കരിച്ചാൽ പിന്നെയും സുന്ദരിയായി തുടർന്നു.

ചാത്തായിയും പുളിഞ്ചിരിയും താവളം തെല്ലപ്പുറത്തെ മാമുതുവിന്റെ വീടിന്റെ പാർശ്വത്തിലെ മാഞ്ചുവട്ടിലേക്ക് മാറ്റി. അവിടെയിരുന്നാലും അങ്ങേകടവത്ത് ആളെത്തുന്നത് അവർക്ക് കാണാൻ തടസ്സമില്ലായിരുന്നു. മറുകരയിൽനിന്ന് ഏതെങ്കിലും ഒരു യാത്രികന്റെ കൂക്ക് ഉയരുമ്പോഴേക്ക് ചാത്തായി പൊടിതട്ടിയെണീറ്റ് കർമ്മനിരതനാകും. മണലിൽ പൂണ്ട തോണി തള്ളിയിറക്കിക്കൊടുക്കാൻ പിന്നാലെ പുളിഞ്ചിരിയും കൂടും.  ചാത്തായി തോണിതുഴഞ്ഞ് അകലേക്ക് നീങ്ങുമ്പോൾ ആളെകയറ്റി അയാൾ  തിരിച്ചെത്തുന്ന നേരത്തിനുള്ളിൽ വിശദമായൊന്ന് മുറുക്കിയശേഷം  കായലോരത്ത് ഇരകോർത്ത് കാത്തുവെച്ചിട്ടുള്ള ചൂണ്ടകളിൽ മീൻ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കാൻ പുളിഞ്ചിരി അങ്ങോട്ട് തിരിയും. എന്നും മൂവന്തിനേരത്ത് കടവിനോട് വിടപറഞ്ഞ് വീട്ടിലേക്ക് നടകൊള്ളുമ്പോൾ കോർമ്പയിൽ കോർക്കപ്പെട്ട കായൽമീനുകളും അവരുടെ  കൂടെപ്പോയി.

വീട്ടിൽ നിന്ന് പതിനഞ്ച്മിനിട്ടിൽ നടന്നെത്താവുന്ന കടവ് താണ്ടിയിട്ടായിരുന്നു പെങ്ങാമുക്ക് ഹൈസ്കൂളിലെ എന്റെ വിദ്യഭ്യാസം. സ്കൂൾ ദിവസങ്ങളിൽ സഹപാഠികളൊത്ത് മൂന്നുവർഷം തുടർച്ചയായി കടത്തുകടന്നതും ഒഴിവുദിനങ്ങളിൽ കൂട്ടുകാരുമൊത്ത് കായലിൽ നീന്തിത്തുടിച്ചതും മുങ്ങിക്കുളിച്ചതും മുങ്ങാംകുഴിയിട്ട് കളിച്ചതും മനസ്സിലെ മായാത്ത ഓർമ്മകൾ...

യേശുദാസ് പാടിയസന്ധ്യ മയങ്ങും നേരം…” എന്നു തുടങ്ങുന്ന മനോഹരഗാനമുണ്ടല്ലോ. അതു കേൾക്കുമ്പോഴൊക്കെ എന്റെ മനസ്സിൽ പശ്ചാത്തലമായി ഉണരാറുള്ളത് കരിച്ചാൽ കടവാണ്.

പാട്ടിന്റെ ചരണത്തിലെ കാക്ക ചേക്കേറും കിളിമരത്തണലിൽ…” എന്ന വരികൾ ഉയരുമ്പോൾ കടവത്ത് പണ്ട് നിലകൊണ്ടിരുന്ന വയസ്സൻ ആൽമരം അതിന്റെ സർവ്വഗാംഭീര്യത്തോടെയും മനസ്സിൽ ഉയിർത്തെഴുന്നേൽക്കുകയായി.

കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടേ..” എന്ന് കേൾക്കുമ്പോൾ തിരുവിതാങ്കൂർ നിന്ന് താറാവിൻപറ്റത്തെ തെളിച്ചെത്തുന്നവർ കരിച്ചാലിനടുത്ത് തമ്പടിക്കുന്നതും അവരുടെ താറാവുകൾ കരിച്ചാൽ കായലിലെ ഓളങ്ങളിൽ കൊക്കുരുമ്മി നീങ്ങുന്നതുമായ പഴയ കാഴ്ച്ചകൾ ഓർമ്മകളായി മനസ്സിലേക്ക് നീന്തിയെത്തുകയായി….

കടത്തുവള്ളങ്ങളിൽ ആളെകയറ്റും കല്ലൊതുക്കുകളിലൂടെ തനിച്ചുവരും താരുണ്യമേ..” എന്ന് യേശുദാസിന്റെ മധുരസ്വരം പ്രേമപാരവശ്യത്തോടെ കാതരമായി വിളിക്കുമ്പോൾ ജലപ്പരപ്പിനക്കരെ തോട്ടുവരമ്പിലൂടെ അലസം നടന്നുവരുന്ന ഗ്രാമീണ തരുണിയുടെ ഭാവാർദ്രചിത്രം മനസ്സിൽ മിഴിവോടെ തെളിയുകയായി

ആലോചനാമൃതമായ ഇമേജറികളുടെ ഒരു നിര തന്നെ ഭാവനാപൂർവ്വം സന്നിവേശിപ്പിച്ച ആ ഗാനത്തിന്റെ ആലാപനം അവസാനിക്കുമ്പോഴേക്ക് അനുഭൂതിദായകമായ ശ്രവണാനുഭവത്തിനൊപ്പം  ആസ്വാദ്യമധുരമായ ഒരുപാട് ചിത്രങ്ങൾ മനസ്സ് വരച്ചുതീർത്തിരിക്കും.

ഉമ്മാച്ചുഎന്ന സിനിമയിലെആറ്റിനക്കരെ അക്കരെ ആരാണോ….” എന്നു തുടങ്ങുന്ന ഗാനവുംകള്ളിച്ചെല്ലമ്മഎന്ന സിനിമയിലെകരിമുകിൽ കാട്ടിലെ…” എന്നുതുടങ്ങുന ഗാനവും എന്റെ മനസ്സിലിട്ട് ഞാൻ ഷൂട്ട് ചെയ്യാറുള്ളത് കരിച്ചാൽ ലൊക്കേഷനിൽ തന്നെ. ഇവയിലൊക്കെയും ആറും കടത്തുവള്ളവും ചാരുതയാർന്ന  ഇമേജറികളായി നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ.

പ്രവാസം വരിക്കുകയും വിവാഹിതനാകുകയും ചെയ്തശേഷം, ജീവിതത്തിലൊരിക്കലും തോണിയിൽ കയറിയിട്ടില്ലെന്ന് മോഹംപറഞ്ഞ നവവധുവിനെ ഞാൻ കരിച്ചാലിലേക്ക് നയിച്ചു. സായാഹ്നസൂര്യന്റെ ഇളംരശ്മികൾ കായലോളങ്ങളിൽ പൊൻപ്രഭ തൂകിക്കൊണ്ടിരിക്കവെ കിഴക്കൻകാറ്റ് പറത്തുന്ന കുറുനിരകളെ മാടിയൊതുക്കാൻ ശ്രമിച്ചുകൊണ്ട് ഓളപ്പരപ്പിലേക്കും, ഓരങ്ങളിലെ ഹരിതകാന്തിയിലേക്കും കൗതുകത്തോടെ കണ്ണയച്ച് അവളിരുന്നു. കടവത്ത് ആൽമരം നിന്നിരുന്നിടത്തെ ശൂന്യതയിലേക്ക് നഷ്ടബോധത്തോടെ നോക്കിക്കൊണ്ട് മരത്തിന്റെ കഥ ഞാനവൾക്ക് കേൾപ്പിച്ചുകൊടുത്തു. കറുകപ്പുല്ലുകളിലും ജലസസ്യങ്ങളിലുമുരസി വള്ളം മുന്നോട്ട് കുതിക്കുമ്പോൾ കഴുക്കോൽ ഊന്നുന്നതിന്റെ ആയത്തിനനുസരിച്ച് വള്ളം ഉലയവെ തോണിപ്പടിയിൽ എന്നോട് ചേർന്നിരുന്ന പതിനാറുകാരി നേരിയ പരിഭ്രമത്തോടെ മൈലാഞ്ചിച്ചോപ്പ് മായാത്ത കൈത്തലത്താൽ എന്റെ കൈത്തണ്ടയിൽ പിടിമുറുക്കി.

വർഷങ്ങളേറെ കഴിഞ്ഞുപോയി. കരിച്ചാൽ കടവിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. കരിച്ചാലിന്റെ ഭംഗി നുകരാനുള്ള അവസരം എനിയ്ക്ക് പ്രവാസത്തിന്റെ ഇടവേളകളിലേക്ക് പരിമിതമായി. ഓരോ പുതിയ കാഴ്ചയിലും കരിച്ചാലിന്റെ അഴകിന്റെ ആടയാഭരണങ്ങൾ ഒന്നൊന്നായി അഴിഞ്ഞുപോകുന്നത് കണ്ടു. പ്രദേശത്തിന്റെ മുഖച്ഛായക്ക് മാറ്റങ്ങൾ സംഭവിക്കുന്നത് ഖിന്നതയോടെ കണ്ടറിഞ്ഞു.... .  

വീടുകൾക്ക് മുന്നിൽ ടെമ്പോവണ്ടിയിൽ കൊണ്ടുവന്ന് മറിക്കുന്ന പച്ചക്കറിവ്യാപാരത്തോട് പിടിച്ചുനിൽക്കാനാവാതെ മരച്ചീനിക്കച്ചവടക്കാരൻ വറീത്­മാപ്പിള കളമൊഴിഞ്ഞു. ജോസഫ്മാഷും ശാന്തകുമാരിടീച്ചറും റിട്ടയറായപ്പോൾ പകരംവന്ന ചെറിയാൻമാഷും സരോജിനിടീച്ചറും ചെറുവള്ളിക്കടവ് വഴി വരുന്ന ബസ്സിൽകയറി ഇസ്തിരി ഉലയാതെ സ്കൂളിനു മുന്നിൽ വണ്ടിയിറങ്ങി. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഓർഡർ അനുസരിച്ച് ഹോം ഡെലിവറി തുടങ്ങിയതോടെ അരിക്കാരി അമ്മച്ചുവിന്റെ കച്ചോടം പൂട്ടി വീട്ടിലിരിപ്പായി. വാർപ്പുവീടുകളുടെ ആധിപത്യം ഓലക്കച്ചവടത്തിന്റെ നടുവൊടിച്ചു നീലിയേടത്തിയേയും മീനാക്ഷിയമ്മയേയും നിരാലംബരാക്കികിറ്റ്കാറ്റി’ന്റേയും മഞ്ചി’ന്റേയും വേലിയേറ്റത്തിൽ രാഘവേട്ടന്റെ ശർക്കരമുട്ടായിയും ഒപ്പം രാഘവേട്ടനും അലിഞ്ഞുതീർന്നു. വിദ്യാർത്ഥികൾ കാൽസ്രായിയും കണ്ഠകൗപീനവുമണിഞ്ഞ് വീട്ടുമുറ്റത്ത്നിന്ന് സ്കൂൾബസ്സിൽ കയറിത്തുടങ്ങിയപ്പോൾ അവർ വള്ളപ്പടിയേയും മഷിത്തണ്ടിനേയും മറന്നു.  ആഫ്രിക്കൻ പായൽ ആമ്പൽചെടികളുടെ അന്തകനായി അധിനിവേശം നടത്തിയതോടെ ജലരാശിയിൽനിന്ന് ആമ്പൽപൂക്കളുടെ ശോണിമയും മാഞ്ഞു. താറാവിൻ പറ്റങ്ങളുമായി തിരുവിതാങ്കൂറുകാർ പുതിയ മേച്ചിൽപ്പുറം തേടി പോയിരിക്കും..... .

തുരുത്തിന് ചെറുവനത്തിന്റെ പരിവേഷം പകർന്നിരുന്ന പടുമരങ്ങളെ മഴുതിന്നുതീർത്തു. ആകെ ഉണ്ടായിരുന്ന മൂന്നുവീടുകൾ മൂന്നിരട്ടിയായി പെരുകി. ടാർറോഡ് കരിച്ചാലിലേക്ക് ഇഴഞ്ഞു കയറിവന്നു. കൊയ്ത്തുയന്ത്രങ്ങൾ ടാർ‌റോഡിലൂടെ ഉരുണ്ട് കോൾപടവിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ പാടവരമ്പത്ത് കൊയ്ത്തരിവാളുമായി നിരന്നിരുന്ന പെണ്ണാളുകളെ കാലം കാണാമറയത്തേക്ക് പിൻവലിച്ചു. അവരുടെ കയ്യിലിരുന്ന അരിവാളിന്റേയും, കായലിൽ നിരന്നിരുന്ന താമരപ്പൂക്കളുടേയും രൂപങ്ങൾ ടാർറോഡിന്റെ കറുപ്പിൽ കുമ്മായത്തിലെഴുതിയ ചിത്രങ്ങളായി ആളുകളുടെ നിഷ്ക്കളങ്കതയിലേക്ക് ഭീഷണമായി തുറിച്ചുനോക്കി. ആരുടേയോ കവിളത്ത് പതിഞ്ഞ പാടുപോലെ  കൈപ്പത്തിചിത്രവും റോഡിൽ തിണർത്ത്കിടന്നു.

കോൾകൃഷി വികസനത്തിലുൾപ്പെടുത്തിയ തോട്ടുവരമ്പ്കനപ്പിക്കലിന്റെ ഭാഗമായി ചെമ്മണ്ണ് നിറച്ച ലോറികൾ കോൾവരമ്പിലൂടെ കുതിച്ചുപാഞ്ഞ് മണ്ണിറക്കി തിരിച്ചുപോയി.  കടവ് എന്നോ അനാവശ്യമായി. ചാത്തായിയും പുളിഞ്ചിരിയും അവരുടെ പ്രിയപ്പെട്ട തോണിയും എങ്ങോ മറഞ്ഞു... .

ഇപ്പോൾ കരിച്ചാലിനു കുറുകെ ഒരു പാലം എന്ന പദ്ധതി ഇരുകരകളും ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ പരിഗണനയിലുണ്ട്. ചില പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വികസനത്തിന്റെ മേന്മകളെ വേണ്ടെന്ന് പറയാനാകില്ലല്ലോ.  

എന്നാലും എന്റെ പഴയ കരിച്ചാൽ…….. ..

****            ****        ****       ****       ****             

പഴയ ക്ലിപ്പുകളുടെ ശേഖരത്തിൽ പരതിയപ്പോൾ കാൽ നൂറ്റാണ്ട് മുമ്പ് കരിച്ചാൽ കടവത്തുനിന്ന് പകർത്തിയ  ഒരു കുഞ്ഞു ക്ലിപ്പ് കണ്ണിൽ തടഞ്ഞു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ കരിച്ചാൽ കടവും പരിസരപ്രദേശങ്ങളുമാണ് ക്ലിപ്പിലുള്ളത്. എന്റെ പ്രിയസുഹൃത്ത് കൈപ്പമംഗലം മൂന്നുപീടിക സ്വദേശി അബ്ദുൽ റഷീദ് പകർത്തിയ  ദൃശ്യങ്ങൾ..

അതിനേയും എന്റെ പ്രിയഗാനത്തേയും  തമ്മിൽ കല്യാണം കഴിപ്പിച്ചാലോ എന്നൊരാലോചന മനസ്സിൽ വന്നു. ഉടനെ അതങ്ങട് നടത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു പാട്ടിനോളം മാത്രം നീളമുള്ള ഒരു കുഞ്ഞു ക്ലിപ്പിന്റെ പിറവിയുണ്ടായി.  അതിവിടെ ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്യുന്നു.

കടവിന്റെ ഒരു ഭാഗത്ത് കായലിലേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ നടവഴി നിർമ്മിക്കുകയും  അതുവഴി കടവിന്റെ ദൈർഘ്യം കുറയുകയും ചെയ്ത ശേഷമുള്ള  കാഴ്ചയാണിതിൽ. റോഡിനുവേണ്ടി  മണ്ണിട്ട് നികത്തുന്നതിനു മുമ്പ് കടവിന് കൂടുതൽ ദൂരം തോന്നിക്കുമായിരുന്നു. ചന്തം തികയ്ക്കുന്നതിൽ ആൽമരത്തിന്റെ അഭാവം സൃഷ്ടിക്കുന്ന അപൂർണ്ണത വേറെയും.... ..

ക്ലിപ്പിന്റെ വ്യക്തതക്കുറവിന് അതിന്റെ പഴക്കവും ആദ്യത്തിൽ ഇത് പകർത്തിയിരുന്ന കാസറ്റിനെ ബാധിച്ച ഫംഗസ്സും ബാധയിറക്കാൻ കേസറ്റിൽ നടത്തിയ കെമിക്കൽ പ്രയോഗവും ഒക്കെ ഉത്തരവാദികളാണ്. പാട്ടിന്റെ നീളത്തിനൊപ്പമെത്താൻ കുഞ്ഞുക്ലിപ്പിനെ വലിച്ചുനീട്ടേണ്ടിവന്നതിനാൽ ദൃശ്യങ്ങൾ ആവർത്തിക്കേണ്ടി വന്നിട്ടുണ്ട്. സദയം ക്ഷമിക്കുക.

കടവത്ത് ഏതോ സഹൃദയൻ വെച്ചുപിടിപ്പിച്ച കാക്കപ്പൂച്ചെടികൾക്കരികിൽ നിൽക്കുന്നതായും വഞ്ചിയുടെ മുന്നിലെ പടിയിലിരുന്ന്  യാത്രചെയ്യുന്നതായും കാണുന്നത്  25 കൊല്ലം മുമ്പത്തെ എന്നെത്തന്നെയാണെന്ന് പരിചയപ്പെടുത്തിക്കൊള്ളട്ടെ.

ക്ലിപ്പിൽ ഉപയോഗിച്ച പാട്ടിന് അതുൾപ്പെടുന്ന സിനിമയുടെ ശിൽപ്പികളോട് കടപ്പാട്.




 ഉസ്മാൻ പള്ളിക്കരയിൽ.
Continue Reading